ഞാൻ ജൂനിയർ വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്ന സമയം. ഓഫീസിൽ ജൂനിയർ ആയി ഞാൻ മാത്രേ ഉള്ളൂ എന്നതുകൊണ്ട് തന്നെ പല കോടതികളിലും പോകേണ്ടി വരാറുണ്ടെങ്കിലും മോട്ടോർ ആക്സിഡന്റ് ട്രിബുണൽ ൽ ആണ് കൂടുതലും ഇരിക്കാറ്. കാരണം വേറൊന്നും അല്ല ! അത്യാവശ്യം വട്ട ചെലവിനുവേണ്ട പൈസ അവിടെ നിന്ന് മാത്രെമേ കിട്ടൂ. പല ഗുമസ്തന്മാരും ചില കേസുകൾ ഏല്പിക്കാറുള്ളത് കൊണ്ട് വട്ട ചെലവ് കഴിഞ്ഞു പോകും . അങ്ങിനെ ഇരിക്കെ ആണ് ട്രിബൂണനിൽ ഒരു ജഡ്ജ് പുതിയതായി ചാർജ് എടുക്കുന്നത്. ആദ്യ ദിവസം തന്നെ മൂപ്പർ കോടതി ഒന്ന് പിടിച്ചു കുലുക്കി എന്ന് തന്നെ പറയാം . എല്ലാവരെയും നല്ല രീതിയിൽ വഴക്ക് പറഞ്ഞായിരുന്നു തുടക്കം. എന്തിനും ഏതിനും ചീത്ത തന്നെ. കൂടുതൽ പണിയെടുക്കാതെ പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു കോടതി എന്ന ചീത്ത പേര് പണ്ടേ MACT കോടതികൾക്കുണ്ട് . അതിനിടയിൽ കേസ് പിടുത്തം കൂടി തുടങ്ങിയപ്പോൾ അതൊരു ബിസിനസ് തന്നെ ആക്കിയിരുന്ന പല വക്കീലന്മാരും ഉണ്ടായിരുന്നു അക്കാലത്തു . എല്ലാ ഹോസ്പിറ്റലുകളും ഏജന്റ്സ് ഉണ്ടാകും ഇവരുടെ . ഏതെങ്കിലും അപകടം ഉണ്ടായി ആരെങ്കിലും അഡ്മിറ്റ് ആയാൽ ഉടൻ തന്നെ ഇവർ അവരുടെ അടുത്തെത്തും. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് തുടക്കമെങ്കിലും ഹോസ്പിറ്റൽ ബിൽ അടക്കാനുള്ള തുക വരെ കൊടുത്തു കേസ് പിടിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കേസ് തീർപ്പാകുമ്പോൾ ഫീസും ചെലവും അത് പോലെ തന്നെ അഡ്വാൻസ് ആയി കൊടുത്ത പൈസയും കക്ഷികളുടെ കയ്യിൽ നിന്നും ഈടാക്കും. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ അല്ലേ ഈ ജഡ്ജ് പെരുമാറുന്നത് എന്ന് എനിക്ക് അന്നേ ഒരു സംശയം തോന്നിയിരുന്നു. കേസ് പിടുത്തം ഉള്ള വക്കീലന്മാരെ തെരഞ്ഞു പിടിച്ചു കുടയുന്ന അവസ്ഥ. MACT കോടതിയിൽ വിധി വന്നാൽ ചില കേസുകളിൽ ആകെ തുകയുടെ ഒരു ഭാഗം മാത്രെമേ കക്ഷിക്ക് ആദ്യം പിൻവലിക്കാൻ അധികാരം ഉള്ളൂ . ബാക്കി തുക നിശ്ചിത കാലത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുക പതിവാണ് . വക്കീലന്മാർ അല്ലേ ! ഇതിലും എന്തേലും ഒക്കെ കണ്ടുപിടിക്കുമല്ലോ . ഡെപ്പോസിറ് ചെയ്ത തുക FD ആയി കിടക്കുന്നതു withdraw ചെയ്യാൻ എതേലും കാരണം ഒക്കെ ഉണ്ടാക്കി FD release ചെയ്യാൻ ഹർജി ഫയൽ ചെയ്യും . കല്യാണം , കടം , ജപ്തി , ചികിത്സ തുടങ്ങിയ പല കാരണങ്ങളും നിരത്തി കൊടുക്കുന്ന ഹർജികൾ എല്ലാം തന്നെ തള്ളി കൊണ്ടായിരുന്നു പുതിയ ജഡ്ജിന്റെ ഭരണ പരിഷ്‌കാരം . ഇനി എങ്ങാനും ആരേലും അങ്ങിനെ ഹർജി ഫയൽ ചെയ്താൽ അത് തള്ളുന്നതിനുള്ള കാരണങ്ങൾ ഇദ്ദേഹം തന്നെ കണ്ടെത്തും .
ഇൻഷുറൻസ് ഭാഗം വക്കീലന്മാരും വാദി ഭാഗം വക്കീലൻമാരും ചേർന്ന് നടത്തുന്ന സെറ്റിൽമെന്റ് വരെ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി . സെറ്റിൽമെന്റ് ഹിയറിങ് പോലും 302 കേസ് നടത്തുന്ന പോലെ ആയി എന്ന് പറയിപ്പിക്കുന്ന അവസ്ഥ വരെ എത്തി. ഉച്ചക്ക് ശേഷം ഒരാളനക്കം പോലും ഇല്ലാതിരുന്ന കോടതി വൈകുന്നേരം 6 മണി ആയാലും പിരിയാത്ത സ്ഥിതിയായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കേസുകൾ ബിസിനസ് ആയി കണ്ട വക്കീലന്മാരെ ആണ്. ഒരു കേസ് പോലും തീർപ്പാകാത്ത അവസ്ഥ. ഇഞ്ചുറി സെര്ടിഫിക്കറ്റിൽ ഡോക്ടർസ് കോറിയിടുന്ന ഇഞ്ചുറി ഡീറ്റെയിൽസ് കോടതിയിൽ വായിക്കണം. എങ്ങാനും തെറ്റിപ്പോയാൽ നാണം കെടുത്തുന്ന രീതിയിൽ ഉള്ള ശകാരം. ഇൻവെസ്റ്റ്മെന്റ് ധാരാളം ഉള്ളതുകൊണ്ട് തിരിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഇത് MACT ഒരു ഇൻസ്റ്റ്മെന്റ് ആയി കണ്ട വകീലാന്മാരുടെ നേരെ മാത്രെമേ ഉള്ളു കേട്ടോ. അവർ ഒന്നും തിരിച്ചു പറയില്ല എന്ന് ജഡ്ജിനു നന്നായി അറിയാം. എന്നാൽ നല്ല പ്രാക്റ്റീസ് ഉള്ള വക്കീലന്മാർ ഒന്നും തന്നെ ഈ കോടതിയിൽ വരാരും ഇല്ല. അവരൊക്കെ ജുനിയർസ്‌നെ മാത്രെമേ ഈ കോടതിയിലേക്ക് അയക്കാറുള്ളു. എന്തിനു പറയുന്നു … വകീലന്മാർ ഏതെങ്കിലും അബദ്ധം ഒക്കെ പറഞ്ഞ് മൂപ്പർക്ക് മെഴുകാനുള്ള അവസരം ഉണ്ടാക്കി കൊടിക്കുകയും ചെയ്യും. പിന്നെ ഒരു അര മണിക്കൂർ ജഡ്ജിന്റെ പ്രസംഗം ആയിരിക്കും.
അന്ന് ബാലു വക്കീലിന്റെ ദിവസം ആയിരുന്നു. അപകടത്തിന്റെ രത്‌നചുരുക്കം പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു മൂപ്പർ . “മൈ ക്ലയന്റ് വാസ് റൈഡിങ് എ ബൈക്ക് ആൻഡ് സഡന്റ്‌ലി …..എൻ അനിമൽ ജംപ്‌ഡ് അക്രോസ്സ് ദി റോഡ് യുവർ ഓണർ.” ബൈക്ക് ഓടിക്കുമ്പോൾ ഒരു ആട് വന്നു റോഡ് ക്രോസ് ചെയ്തതിനാൽ ബൈക്ക് ആക്സിഡന്റ് ആയി എന്ന് പറഞ്ഞു പിടിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു പാവം . എങ്ങനെ ആലോചിച്ചിട്ടും ആടിന് ഇംഗ്ലീഷ് എന്താണെന്നു പറയാൻ പറ്റുന്നില്ല. ജഡ്ജ് ആണേൽ കുറച്ചു ദേഷ്യത്തിൽ ആണ് താനും. “ഡിയർ കൗൺസിൽ …പ്ളീസ് എക്സ് പ്ലെയിൻ എബൌട്ട് ദി ആക്സിഡന്റ്” ….”എസ് യുവർ ഹോണർ” …”മൈ ക്ലയന്റ് വാസ് റൈഡിങ് എ ബൈക്ക് ..സഡന്റ്‌ലി…..ആൻ ആനിമൽ”.. …”വാട്ട് അനിമൽ ഇറ്റ് വാസ് ? ജഡ്ജിന്റെ ചോദ്യം ഉടൻ വന്നു. “വല്ല പുലിയോ മറ്റോ ആണോ വക്കീലേ”? മൂപ്പർ കളിയാക്കൽ തുടങ്ങാൻ ഉള്ള ഭാവത്തിൽ ആണെന്ന് തോന്നുന്നു. ബാലു വക്കീൽ ഒന്ന് പാളി പോയി. എങ്ങനെ ശ്രമിച്ചിട്ടും ആട് എന്നതിന്റെ ഇംഗ്ലീഷ് വായിൽ വരുന്നില്ല. “ആൻ അനിമൽ യുവർ ഓണർ” “ഡോണ്ട് യു അണ്ടർസ്റ്റാൻഡ് മൈ ക്വസ്റ്റൺ ? വാട്ട് അനിമൽ ഇറ്റ് വാസ്” ? “ഇവിടുത്തെ വകീലാന്മാർ അല്ലെ ? ദിനോസർ വരെ റോഡിൽ വന്നു എന്നൊക്കെ പറയും”.. “സൊ ആൻസർ മൈ ക്വസ്റ്റൺ ആൻഡ് റസ്റ്റ് യുവർ കേസ്” പാവം ബാലു വക്കീൽ വല്ലാതെ നേർവസ് ആയി പോയതോണ്ട് ആണോ ..അതോ ഗുളികൻ നാക്കിൽ കയറിയതാണോ ….”എ മട്ടൺ അനിമൽ ജംപ്ഡ് അക്രോസ് ദി റോഡ് യുവർ ഓണർ “….കോടതി മുഴുവൻ ചിരി പരന്നു. അന്നത്തെ ഉപദേശവും പ്രസംഗവും ഒരു മണിക്കൂർ നീണ്ടു ….
മറ്റൊരു ദിവസം ഒരു സെറ്റൽമണ്ട് രംഗം ….വക്കീലിന്റെ മെഡിക്കൽ ബില്ലിന്റെ കൂട്ടത്തിൽ ചായയും ദോശയും കഴിച്ചതിന്റെ ബില്ല് .. അങ്ങിനെ എന്തെങ്കിലും ഓരോ കാരണങ്ങൾ കിട്ടുന്നത് കൊണ്ട് ജഡ്ജ് ഹാപ്പി .
ഈയുള്ളവനും കിട്ടി ഒരു ദിവസം. എന്റെ കക്ഷിയുടെ മകളുടെ കല്യാണം ആണ്. FD ആയികിടക്കുന്ന പൈസ റീലിസ് ചെയ്യാനുള്ള ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേസിന്റെ പേര് വിളിച്ചു. “അപ്ലിക്കേഷൻ ഫയൽഡ് ഫോർ റിലീസിംഗ് ദി FD യുവർ ഓണർ”. “ഹിസ് ഡോട്ടേഴ്‌സ് മാര്യേജ് ഈസ് ഫിക്സഡ് നെസ്റ്റ് മന്ത്”. “ആൻഡ് മാര്യേജ് ഇൻവിറ്റേഷൻ ഈസ് ആൾറെഡി ഫയൽഡ്” “ഓക്കേ കക്ഷിയെ വിളിക്കു”. ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ജഡ്ജ് തുടർന്നു. പാവം ശിവൻ ചേട്ടൻ ….ഞാൻ പ്രത്യേകം എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാലും കോടതിയല്ലേ …ആരായാലും ഒന്ന് പേടിക്കുമല്ലോ. “എന്താണ് നിങ്ങൾക്കു പൈസക്ക് അത്യാവശ്യം” ..മൂക്കിൻന്മേൽ തുമ്പത്തായി ഇരിക്കുന്ന കണ്ണടക്കു മുകളിലൂടെ നോക്കികൊണ്ട് ജഡ്ജ് കക്ഷിയെ നോക്കി …”മോൾടെ കല്യാണമാണ് സാറേ”. “പേര് പറ” “ശിവൻ”. “മുഴുവൻ പേര് പറ” ചോദ്യത്തിന്റെ ഭാവം ഒന്ന് മാറി ..വിറച്ചു കൊണ്ട് ശിവൻ ചേട്ടൻ പറഞ്ഞു “തറയിൽ ശിവൻ” ….”നിങ്ങള് തറയിലോ തലയിലോ എന്നല്ല …മുഴുവൻ പേര് എന്നാണ് ചോദിച്ചത്”? . ശിവൻ ചേട്ടന്റെ ഗ്യാസ് മുഴുവൻ പോയി. പിന്നെ എന്റെ നേരെ ആയി ജഡ്ജിന്റെ മുഴുവൻ ദേഷ്യം. ശിവൻ ടി എസ് എന്നതാണ് ബാങ്ക് പാസ്സ്‌ബുക്കിൽ പേര് …അത് പറഞ്ഞില്ല എന്നതാണ് കുറ്റം. “സോറി യുവർ ഓണർ ..ഹി ഈസ് ബിറ്റ് നേർവസ് ..കൈൻഡ്‌ലി അല്ലോ ദി അപ്ലിക്കേഷൻ”. പറ്റാവുന്ന രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയിട്ടും ഒന്നും നടന്നില്ല. “പെറ്റിഷനെർ ഇൻഫോംഡ് ഹി ഡസിന്റ് ഹാവ് ഇനിഷ്യൽസ് ഇൻ ഹിസ് നെയിം സൊ ബ്രിങ് ഡോക്യുമെന്റ് ടു പ്രൂവ് ദി നെയിം” ….പ്രസംഗം ഉപദേശവും പിന്നീട് എനിക്കിട്ടായി. “കോടതിയുടെ സമയം കളയാൻ ഓരോ ഹർജിയും ആയി വന്നോളും” “കോമൺ സെൻസ് വേണം” “വക്കീലും കൊള്ളാം” പ്രസംഗം നിർത്താനുള്ള ഭാവം ഇല്ലാ എന്ന് വന്നപ്പോൾ.. രണ്ടും കല്പിച്ചു “പ്ളീസ് മൈൻഡ് യുവർ ലാംഗ്വേജ് യുവർ ഹോണർ ” എന്നായി ഞാൻ. അത് ജഡ്ജിനു കുറച്ചു കൊണ്ട് എന്ന് എനിക്ക് മനസിലായി. ഒറ്റ ഏറാണ് ഫയൽ ബെഞ്ച് ക്ലർക്കിനു അടുത്തേക്ക്. അത് എന്റെ മുഖത്തേക്ക് എറിഞ്ഞ പോലെ ആണ് എനിക്ക് തോന്നിയത്. ഒരു വല്ലാത്ത ഇൻസൽട്ട് ആയി അത് എനിക്ക്. അങ്ങിനെ വിടാൻ പറ്റുമോ? രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഒരു അഡ്വാൻസ് ഹിയറിങ് അപ്ലിക്കേഷൻ ആയി ഞാൻ വീണ്ടും രംഗത്തിറങ്ങി. സീനിയർ വക്കീലും ഫുൾ സപ്പോർട്ട് ആയിരുന്നു. ഇത്തവണ കക്ഷിയുടെ എലെക്ഷൻ ഐഡി കോപ്പി കൂടെ വച്ചാണ് ഞാൻ ഹർജി ഫയൽ ചെയ്തത്. എന്റെ കക്ഷിക്ക് ഇനിഷ്യൽസ് ഇല്ല ..തറയിൽ ശിവൻ എന്നാണ് യഥാർത്ഥ പേര് തെളിവിനായി എലെക്ഷൻ id കോപ്പി വച്ചിട്ടുണ്ട് എന്നായിരുന്നു എന്റെ വാദം. എന്റെ മുഖത്തു പോലും നോക്കാതെ എന്തോ കുത്തിക്കുറിച്ചു പതിവുപോലെ ഫയൽ ബെഞ്ച് ക്ലർക്കിനു എറിഞ്ഞു കൊടുത്തു. എന്തയാലും ആ സംഭവത്തിനു ശേഷം എനിക്ക് നല്ല കോളായിരുന്നു. എല്ലാ ഗുമസ്തന്മാരും എന്നെ ഫയൽ ഏല്പിക്കാൻ തുടങ്ങി ഒരു കേസിനു 100-200 രൂപ വച്ച് വരുമാനം കിട്ടി. FD release ന് പൈസ കൂടും.
ഏറ്റവും കൂടുതൽ ജഡ്ജിന്റെ പഴി കേട്ടതിന്റെ അവാർഡ് pk ജോസ് വകീലിനു ഉള്ളതാണുട്ടോ. ജോസ് വക്കീലിന് കുറെ MACT ഫയലുകൾ ഉള്ളതുകൊണ്ട് തന്നെ എന്ത് പറഞ്ഞാലും ഒന്നും തിരിച്ചു പറയുകയും ഇല്ല. എന്തേലും പറഞ്ഞാൽ അത് വിധി പറയുന്നതിന്റെ തുകയെ ബാധിക്കുമോ എന്നാണ് പേടി . ഒരു ദിവസം ഒരു ദിവസം സാക്ഷി വിസ്താരം നടക്കുകയാണ്. ജോസ് വക്കീൽ ആണ് എവിഡൻസ് എടുക്കുന്നത്. വിസ്താരത്തിനിടെ അപകട സമയം തെറ്റി പറഞ്ഞ കക്ഷിയെ വഴക്കു പറഞ്ഞാണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് ജോസ് വക്കീലിന്റെ നേരെ ആയി. ഉപദേശവും, പ്രസംഗവും സഹികെട്ട ജോസ് വക്കീൽ ഒരു ദിവസം അവധിക്കു കേസ് വക്കാവോ എന്ന് കെഞ്ചികൊണ്ടിരിക്കുന്നു. ജഡ്ജ് കക്ഷിയോടായി….”നിങ്ങൾക്ക് 2 അപകടമാണ് സംഭവിച്ചത്”. “അല്ല സാറെ എനിക്ക് ഒരു അപകടമേ സംഭവിച്ചിട്ടുള്ളൂ” വിറയാർന്ന സ്വരത്തിൽ കക്ഷി പറഞ്ഞൊപ്പിച്ചു. ജഡ്ജ് വിടാൻ ഉള്ള ഭാവം ഇല്ല. ‘ “അല്ല! നിങ്ങൾക്കു 2 അപകടം തന്നെയാണ് സംഭവിച്ചത്”. ഒന്നും മനസിലാകാതെ നിന്ന കക്ഷിയെയും കോടതിയിൽ ഉള്ള എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ജഡ്‌ജ് വീണ്ടും … “നിങ്ങൾക്കു 2 അപകടം തന്നെയാണ് ഉണ്ടായതു”. “ആദ്യത്തേത് വാഹനാപകടം” …”രണ്ടാമത്തേത് ഈ വക്കീലിനെ തെരഞ്ഞെടുത്തതും”….
